ജിഷവധക്കേസിലെ പ്രതി അമീറുൾ ഇസ്ലാമിന് കോടതി കഴിഞ്ഞ ദിവസമാണ് വധശിക്ഷ വിധിച്ചത്. പൊതുജനം ആഗ്രഹിച്ചിരുന്ന വിധി. പക്ഷേ, വിധിക്കെതിരെ അപ്പീൽ പോകുമെന്നാണ് അമീറുൾ ഇസ്ലാമിന്റെ അഭിഭാഷകൻ വ്യക്തമാക്കിയിരിക്കുന്നത്. അതിനാൽ അമീറുൾ ഇസ്ലാമിന്റെ ജീവനു തൽക്കാലം ഭീഷണിയൊന്നുമില്ല. 26 വർഷങ്ങൾക്ക് മുൻപാണ് കേരളത്തിൽ അവസാനമായി ഒരാളെ തൂക്കിലേറ്റിയത്. 14 സ്ത്രീകളെ തലയ്ക്കടിച്ച് കൊന്ന റിപ്പർ ചന്ദ്രനെയാണ് 1991 ജൂലായ് ആറിന് കഴുമരത്തിലേറ്റിയത്. കണ്ണൂർ സെൻട്രൽ ജയിലിൽ വച്ചായിരുന്നു ശിക്ഷ നടപ്പാക്കിയത്. കണക്കുപ്രകാരം ആലുവ കൂട്ടക്കൊല കേസ് പ്രതി ആന്റണിയാണ് കേരളത്തിൽ തൂക്കിലേറ്റാനുള്ള അടുത്തയാൾ. ഇയാളുടെ ദയാഹർജി രാഷ്ട്രപതി നേരത്തെ തള്ളിയിരുന്നെങ്കിലും, പുന:പരിശോധന ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ആന്റണിക്ക് വധശിക്ഷ വിധിച്ചതോടെയാണ് സംസ്ഥാന പോലീസിൽ ചില അസാധാരണ സംഭവങ്ങളുണ്ടായതെന്നതും ശ്രദ്ധേയമാണ്. മുൻ ജയിൽ മേധാവി അലക്സാണ്ടർ ജേക്കബിന്റെ അനുഭവങ്ങൾ വിശദീകരിച്ചുള്ള മംഗളം വാർത്തയിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.